ഉറഞ്ഞു തുള്ളുന്ന വർഗ്ഗബോധം

0 comments

മതത്തിന്റെ പേര് പറഞ്ഞു തമ്മിലടിക്കുന്ന മത നരഭോജികളുടെഅവതാര പിറവിയുടെ കാലമാണ് ഇപ്പോൾ.
മഴയത്ത് കിളിർക്കുന കൂണുപോലെ ഓരോ സമയത്തും സംഘ ബോധമുള്ളവർ ഉരുത്തിരിയുകയാണ്.
സ്വന്തം സ്വത്വബോധത്തിൽ ഊന്നിക്കൊണ്ട് മറ്റു മതങ്ങളെ ഇല്ലായ്മ ചെയ്യാനും അടിച്ചമർത്താനും  ശ്രമിക്കുന്ന ഒരു കൂട്ടം നരാധമൻമാരുടെ കാൽ ചുവട്ടിലാണ് ഇന്നിന്റെ സമൂഹം.
സ്വന്തം ഭരണഘടനയെപ്പോലും പിച്ചിചീന്താൻ മടിയില്ലാത്ത ഇക്കൂട്ടർ സൈനേഡ് പോയിസനെക്കാളും അപകടകാരികളാണ്.
മറ്റ് മതങ്ങളോട് തോന്നുന്ന വെറുപ്പും അസഹിഷ്ണതയും ഇവരെ പ്രാന്തന്മാരാക്കി തീർത്തിരിക്കുന്നു.
കലയോടും, ശാസ്ത്രത്തോടും ഇവർക്ക് അടങ്ങാത്ത പകയും ഭയവും ഉണ്ട്.കാരണം കലയും, ശാസ്ത്രവും  എന്ന രണ്ടു സത്യങ്ങളും വിരൽ ചൂണ്ടുന്നത് മാനവികതയിലേക്കാണ്.
എല്ലാ മതങ്ങളിലും വർഗ്ഗീയത കാണിക്കുന്നവർ ഒട്ടേറെയുണ്ട്.ഇവർ ചെയ്തു കൂട്ടുന്നതെല്ലാം  തങ്ങളുടെ ദൈവങ്ങൾക്ക് വേണ്ടിയാണ്.
ഇവരുടെ വിശ്വാസത്തെ ചോദ്യം ചെയ്താൽ, ഇവരുടെ ഹീനമായ ചെയ്തികൾക്ക് നേരെ കൈ  ഉയർത്തിയാൽആ നാവും കയ്യും വെട്ടിയരിയാൻ മടിയില്ലാത്തവരാണ് ഇത്തരക്കാർ.






മതങ്ങളെയും ആചാരങ്ങളെയും എല്ലാം പരിഹസിച്ചുകൊണ്ട് 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് P.K.
അമീർഖാൻ നായകനാക്കി രാജ്‌കുമാർ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്തത്.
മനുഷ്യനായി ഭൂമിയിൽ ജീവിക്കുന്ന നരദൈവങ്ങൾ വെറും കച്ചവട താല്പര്യം മാത്രമാണ് എന്ന് ചിത്രത്തിലൂടെ കാണിക്കുന്നു.
ഒരു അന്യഗ്രഹ ജീവിയുടെ കാഴ്ചപ്പാടിലൂടെ നടക്കുന്ന ചിത്രം ഒരുപാട് നമ്മെ ചിന്തിപ്പിക്കുന്നതാണ്.
എന്നാൽ ഈ സിനിമ ഇറങ്ങിയ സാഹചര്യത്തിൽ മത ബോധമുള്ള ഒട്ടനവധി പേർപല പ്രശ്നങ്ങളുമായ്‌ രംഗ പ്രവേശനം നടത്തിയിരുന്നു.





ഇത്തരം സമാനമായ ഒരു സംഭവവമാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറിയിരിക്കുന്നത്.
അതും സാക്ഷരതയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിൽ നിൽക്കുന്ന കേരളത്തിൽ.തികച്ചും അപമാനകരമായ നിമിഷം. 
ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന സിനിമയാണ് മിന്നൽ മുരളി.
ഇതിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകത്തു മുഴുവൻ കൊറോണ എന്ന മഹാമാരി പിടിപെടുന്നത്,ആയതിനാൽ ഷൂട്ടിങ് നിർത്തിവെക്കണ്ട അവസ്ഥ ഉണ്ടാകുന്നു.കാലടിയിലാണ് സംഭവം. .
സിനിമ ഷൂട്ടിങ്ങിനായി ലക്ഷങ്ങൾ മുടക്കി കെട്ടിപ്പൊക്കിയ പള്ളിയുടെ സെറ്റ്‌ മതവികാരം വ്രണപ്പെടുന്നു എന്നതിന്റെ പേരിൽ  വർഗ്ഗീയ വാദികൾ  പൊളിച്ചടുക്കുകയുണ്ടായി,അങ്ങേയറ്റം അപമാനകരം.
പള്ളി പൊളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പള്ളിയുടെ മാതൃക പൊളിച്ചു സുഖം കണ്ടെത്തുന്നു.
ഭഗവാന്റെ മുന്നിൽ ഒരു വിലങ്ങുതടിയായി നിൽക്കുന്ന പള്ളിയുടെ സെറ്റ് പൊളിച്ചപ്പോൾ ഇവർക്ക് ലഭിച്ചത് പരകോടി പുണ്ണ്യവും സ്വർഗ്ഗവുമാണ്.
എങ്ങോട്ടാണ് നമ്മുടെ സമൂഹം പോകുന്നത്.സാംസ്കാരികമായും വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ കേരളത്തിലാണ്  ഇത് സംഭവിച്ചത് എന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.
ഓരോ നിമിഷം കഴിയുന്തോറും ഇത്തരം സമാന വർഗീയ ചിന്തയുള്ളവർ കൂടി വരികയാണ്.
പള്ളിയുടെ സെറ്റല്ലേ പള്ളിയല്ലല്ലോ പള്ളി പൊളിച്ചാൽ പ്രതികരിക്കാം എന്ന് പറഞ്ഞു വെറുതെയിരിക്കുന്നവരോട് ഇവർക്ക് വളരാൻ അധികം സമയം ആവശ്യമില്ല.
ഇന്ന് പള്ളിയുടെ സെറ്റ് ആണെങ്കിൽ നാളെ യഥാർത്ഥ പള്ളി പൊളിച്ചു വർഗ്ഗീയത അഴിച്ചുവിടാൻ ഇവർ മടിക്കില്ല.
കാരണം അവരുടെ ശീലം അതാണ്.ഒരുപാട് പേരുടെ അധ്വാനമാണ്,കലയാണ്,സ്വപ്നമാണ് ഇവർ ഒറ്റയടിക്ക് ഇല്ലാതാക്കിയത് അതിനു മാപ്പില്ല.
ചിലർ പറയുന്നു ഇത് സിനിമയുടെ പ്രമോഷന് വേണ്ടി ചെയ്യുന്നതാണെന്ന് അങ്ങനെ ഒരു വർഗ്ഗീയ മനസ്സ് കേരളത്തിൽ ഉണ്ട് എന്ന് കാണിച്ചു  സിനിമയുടെ പ്രമോഷൻ നടത്തുന്നവരാണ് കേരളത്തിലെ കലാകാരൻമാർ എന്ന് തോന്നുന്നില്ല, നിങ്ങൾ ഒന്നോർക്കണം,  ഇതൊക്കെ പറയുമ്പോൾ പ്രത്യക്ഷമായി നിങ്ങൾ അവരെ അംഗീകരിക്കുകയാണ് ചെയ്യുന്നത്.
ഓരോ നിമിഷം കഴിയുന്തോറും ഇത്തരം വർഗീയ ചിന്തയുള്ളവർ കൂടി വരികയാണ്.പശുവിന് വേണ്ടി നരവധം  നടത്താൻ  മടിയില്ലാത്ത ഇവർ കലയ്ക്കു മാത്രമല്ല മനുഷ്യ വംശത്തിനു തന്നെ ആപത്താണ്.കൊറോണയെക്കാൾ അപകടകാരികളാണ്.    

(Written by Sarath Payyavoor)

Leave a comment

All blog comments are checked prior to publishing
You have successfully subscribed!
This email has been registered